ലോകത്തെ കൊവിഡ് കണക്കുകൾ കുറയുന്നില്ല; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയെത്തി; 24 മണിക്കൂറിനിടെ മാത്രം നാലരലക്ഷം കേസുകൾ

ലണ്ടൻ:
രണ്ടാം തരംഗത്തിന്റെ ഭീതി അവസാനിക്കും മുൻപ് കൊവിഡ് മൂന്നാം തരംഗ സാധ്യതകൾ ശക്തമാക്കി ലോകത്തെ കൊവിഡ് മഹാമാരിയുടെ കണക്കുകൾ. 21 കോടിപ്പേർക്കാണ് ഇതുവരെ കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്.
വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.44.43 ലക്ഷം പേർ മരിച്ചു. ഒരു കോടി തൊണ്ണൂറ് ലക്ഷം പേർ ചികിത്സയിലുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി എൺപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്.6.45 ലക്ഷം പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 30,948 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയർന്നു.4.34 ലക്ഷം പേർ മരിച്ചു.97.57 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ രണ്ട് കോടി രോഗബാധിതരാണ് ഉള്ളത്. 5.74 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു.