ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 കോടി പിന്നിട്ടു; ഇതുവരെ മാത്രം മരിച്ചത് 43 ലക്ഷം പേർ

വാഷിംങ്ടൺ:
രണ്ടു തരംഗങ്ങളിലായി വീശിയടിച്ച കൊവിഡ് പ്രതിസന്ധിയിൽ ലോകത്ത് ഇതുവരെ രോഗം ബാധിച്ചത് ഇരുപത് കോടി 21 ലക്ഷം പേർക്കെന്നു റിപ്പോർട്ട്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ നാൽപത്തിമൂന്ന് ലക്ഷത്തോട് അടുത്തു. നിലവിൽ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന കൊവിഡ് കേസുകളിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. അറുപതിനായിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. 6.32 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 38,628 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനെട്ട് ലക്ഷമായി ഉയർന്നു. നിലവിൽ 4.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പത്ത് ലക്ഷം പേർ രോഗമുക്തി നേടി.അൻപതുകോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.