രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗം അവസാനിച്ചിട്ടില്ല; അടുത്ത രണ്ടുമാസങ്ങൾ അതീവ നിർണായകം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂഡൽഹി:
രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത രണ്ടുമാസങ്ങൾ അതീവ നിർണായകമാണെന്നും, കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതരെ സർക്കാർ കർശനമായി നിരീക്ഷിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.

ഹോ ഐസൊലേഷനിൽ കഴിയുന്നവരുടെ നിരീക്ഷണം വളരെ ശക്തമാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം കേരളത്തിൽ എൺപതു ശതമാനത്തോളം കോവിഡ് ബാധിതർ ഹോം ഐസൊലേഷനിലാണ് കഴിയുന്നത്. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നോ എന്ന ആശങ്കയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് പങ്കുവെച്ചത്.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ 51 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് അറിയിച്ചിരിക്കുന്നത്. കേസുകൾ കൂടുതലുള്ള കേരളം, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേർത്തു. കേരളത്തിൽ മാത്രമാണ്​ ഒരുലക്ഷത്തിന്​ മുകളിൽ ആക്​റ്റീവ്​ കേസുകൾ ഉള്ളത്​. 31 സംസ്​ഥാനങ്ങളിലും 10,000ൽ താഴെയാണ്​ കേസുകളെന്നും കേന്ദ്രം വ്യക്​തമാക്കി.