കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം:
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു .പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കുന്നത് സംബന്ധിച്ച്‌ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം കേരളത്തെ സംബന്ധിച്ച്‌ വളരെ പോസിറ്റിവായ കാര്യമായിരുന്നു എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇനിമുതല്‍ വാഹനത്തില്‍ ഇരുന്ന് തന്നെ വാക്സിനെടുക്കാന്‍ സാധിക്കും. തിരുവനന്തപുരം വുമണ്‍സ് കോളേജിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വാക്സിനെടുക്കുന്നതിന് മുന്‍പ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.മൂന്നാം തരംഗം മുന്നില്‍ കണ്ട് വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 24 മണിക്കൂറും ഡ്രൈവ് ത്രു വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. ഇതിനോടകം തന്നെ സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.