ഡെല്‍റ്റാ വകഭേദം പടരുന്നു; അമേരിക്കയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍:
അമേരിക്കയില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. രാജ്യത്ത് കോവിഡ് ഡെല്‍റ്റാ വകഭേദം വീണ്ടും പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ബൂസ്റ്റര്‍ ഡോസായി ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അടിയന്തര അനുമതി നല്‍കിയത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ക്കും ഇതിനുസമാനമായി പ്രതിരോധ ശേഷി ദൂര്‍ബലമായവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കുക.

അതേസമയം മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത പ്രതിരോധ ശേഷിയുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷനില്‍ തന്നെ സംരക്ഷണം ലഭിക്കും. ഇത്തരക്കാര്‍ നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ട കാര്യമില്ല.

നേരത്തെ ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ ചില രാജ്യങ്ങളും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.