ഇന്ത്യയിൽ നിന്ന് രണ്ടു ഡോസ് കോവിഷീൽഡ് എടുത്തവരും ‘അൺവാക്സിനേറ്റഡ്’; ​ബ്രിട്ടന്റെ നടപടി കുറ്റകരവും നിന്ദ്യവും- ശശി തരൂർ

ന്യൂഡൽഹി:
ഇന്ത്യയിൽ നിന്ന് രണ്ടു ഡോസ് കോവിഷീൽഡ് എടുത്തു വരുന്ന യാത്രക്കാരെ ‘വാക്സിനേഷൻ ചെയ്യാത്തവരായി (അൺവാക്സിനേറ്റഡ്)’ കണക്കാക്കുമെന്ന യുകെയുടെ നിർദേശം വിവാദമാകുന്നു. ശശി തരൂർ, ജയ്റാം രമേശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും യുകെയുടെ നടപടിക്കെതിരെ രംഗത്തെത്തി.

ഒക്ടോബർ നാലു മുതൽ ‘ആംബർ ലിസ്റ്റ്’ പിൻവലിക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമങ്ങൾ യുകെ പ്രഖ്യാപിച്ചത്. ഇന്ത്യ ഇപ്പോഴും ആംബർ ലിസ്റ്റിലാണ്, ‘ഗ്രീൻ ലിസ്റ്റി’ലേക്കു മാറിയിട്ടില്ല. അൺവാക്സിനേറ്റഡ് ആളുകൾ 10 ദിവസമാണ് ക്വാറന്റീനിൽ കഴിയേണ്ടത്.

‘ഈ തീരുമാനം കാരണം ലോകത്തിലെ പഴയ ചർച്ചാ സൊസൈറ്റികളിലൊന്നായ കേംബ്രിജ് യൂണിയനിലെ ചർച്ചയിൽനിന്നു ഞാൻ പുറത്തായി. ‘ദ് ബാറ്റിൽ ഓഫ് ബിലോങിങ്’ എന്ന എന്റെ പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്. പൂർണമായി വാക്സിനേറ്റ് ചെയ്ത ഇന്ത്യക്കാരോടു ക്വാറന്റീനിൽ കഴിയണമെന്നു പറയുന്നതു കുറ്റകരവും നിന്ദ്യവുമാണ്. ബ്രിട്ടൻ ഇക്കാര്യം പുനഃപരിശോധിക്കണം’– ശശി തരൂർ ട്വീറ്റ് ചെയ്തു.

യുകെയുടെ നിയമങ്ങൾ വംശീയമാണ് എന്നാണു ജയ്റാം രമേശ് പ്രതികരിച്ചത്. ‘കോവിഷീൽഡ് വാക്സീൻ യുകെയിലാണു വികസിപ്പിച്ചത്. പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ചാണ് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിതരണം ചെയ്യുന്നതും. ഇപ്പോഴുണ്ടായതു വംശീയമായ ആക്രമണമാണ്’– ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു.