യാത്രക്കാർക്ക് പുതിയ പദ്ധതികളും അനുകൂല്യങ്ങളും; സിയാലും, എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.

കൊച്ചി:
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ), എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും യാത്രക്കാർക്ക് പുതിയ പദ്ധതികളും അനുകൂല്യങ്ങളും നടപ്പിലാക്കുന്നത്തിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സിയാൽ മാനേജിംഗ് ഡയറക്ടറും, സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ശ്രീ എസ് സുഹാസ് ഐഎഎസ്, എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലോക് സിംഗ് എന്നിവരാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്.

എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്ക് അന്താരാഷ്ട്ര ഡിപ്പാർച്ചർ ടെർമിനലിലെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ 15% മുതൽ 20% കിഴിവ് ലഭിക്കും. ഇതിനു പുറമെ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പിലാക്കുന്നു. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ സൗജന്യ ടിക്കറ്റുകൾ ലഭിക്കും.

സിയാലും എയർ ഇന്ത്യ എക്സ്പ്രസ്സ് ലിമിറ്റഡും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ദൃഢമാക്കാൻ ധാരണാപത്രം ഒപ്പിടുന്നത് വഴി സാധിക്കുമെന്ന് സ് സുഹാസ് ഐ എ സ് വ്യക്തമാക്കി. യാത്രക്കാർക്ക് അന്താരാഷ്ട്ര സേവനങ്ങൾ ഒരുക്കുവാൻ ആണ് സിയാലും എയർ ഇന്ത്യ എക്സ്പ്രസ്സും ലക്ഷ്യമിടുന്നത്. സിയാൽ നിന്ന് ഏറ്റവും അധികം അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന എയർലൈൻ ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ്.

പരമാവധി യാത്രക്കാരിലേക്ക് അനുകൂല്യങ്ങൾ എത്തിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും, സുഹാസ് കൂട്ടിച്ചേർത്തു. യാത്രക്കാരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ ഈ കരാർ വഴി സാധിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ലിമിറ്റഡ് ചെയർമാൻ ശ്രീ അലോക് സിംഗ് പറഞ്ഞു.