ചൈന നടത്തുന്നത് താലിബാനെ വരുതിയിലാക്കാനുള്ള നീക്കം ; ജോ ബൈഡൻ

വാഷിംഗ്ടണ്‍:
താലിബാനെ വരുതിയിലാക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ.താലിബാന്‍ ചൈനയ്‌ക്ക് ഭീഷണി തന്നെയാണെന്നും അത് കുറയ്‌ക്കാനുള്ള തന്ത്രമാണ് ചൈന പയറ്റുന്നതെന്നും ബൈഡന്‍ പറഞ്ഞു. പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് അഫ്ഗാന്‍ വിഷയവും ചൈനയുടെ ഇടപെടലും പരാമര്‍ശിക്കപ്പെട്ടത്.ചൈനയുടെ ധനസഹായവും മറ്റ് സാങ്കേതിക സഹായവും കൊണ്ടാണ് താലിബാന്‍ ഭരണത്തുടക്കമിടാന്‍ പോകുന്നത്. താലിബാന്‍ ചൈനയ്‌ക്ക് ഒരു തലവേദനയാണ്. ഉയിഗുറുകളുടെ വിഷയത്തില്‍ താലിബാന്‍ ഇടപെടാതിരിക്കാനാണ് ചൈന പ്രധാനമായും ആഗ്രഹിക്കുന്നത്. അത് പരിഹരിക്കാന്‍ താലിബാന് എല്ലാ സഹായവും നല്‍കി വരുതിയിലാക്കുക എന്നതുമാത്രമാണ് അവര്‍ കാണുന്ന പോംവഴി. പാകിസ്താനും, റഷ്യയും ഇറാനുമെല്ലാം അതേ മാര്‍ഗ്ഗമാണ് പിന്തുടരുന്നത്. ഈ രാജ്യങ്ങളെല്ലാം താലിബാനെ അഫ്ഗാനില്‍ ഒതുക്കി നിര്‍ത്താനും മറ്റ് മേഖലകളിലേക്ക് അവരുടെ ശ്രദ്ധയോ ഇടപെടലോ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.’ ബൈഡന്‍ പറഞ്ഞു.