ഗ്രീൻ ഹൗസ് ഗ്യാസുകളുടെ അളവ് കുറക്കുന്നതിനുള്ള പുതിയ പദ്ധതികൾ ഇന്ത്യയും ചൈനയും സമർപ്പിച്ചിട്ടില്ലെന്ന് അധികൃതർ

യു എൻ:
ഈ വർഷത്തെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രീൻ ഹൗസ് ഗ്യാസുകളുടെ അളവ് കുറക്കുന്നതിനുള്ള പുതിയ പദ്ധതികൾ ഇന്ത്യയും ചൈനയും സമർപ്പിച്ചിട്ടില്ലെന്ന് അധികൃതർ. ലോകത്ത് ഏറ്റവും കൂടുതൽ ഗ്രീൻ ഹൗസ് ഗ്യാസുകൾ പുറപ്പെടുവിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യ മൂന്നാമതാണ്. പട്ടികയിൽ രണ്ടാമതുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) തങ്ങളുടെ പദ്ധതികൾ ഏപ്രിലിൽ സമർപ്പിച്ചിരുന്നു.

സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സിറിയ, ഉൾപ്പെടെ 82 രാജ്യങ്ങൾ നാഷണലി ഡിറ്റർമൈൻഡ്‌ കോണ്ട്രിബൂഷൻസ് (എൻ ഡി സി) നവീകരിച്ചിട്ടില്ലെന്ന് യു എൻ ക്ലൈമറ്റ് ചീഫ് പട്രീഷ്യ എസ്പിനോസാ പറഞ്ഞു.

ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ (3.6 ഫാരൻഹീറ്റ്) താഴെയാക്കുന്നതിനായി രാജ്യങ്ങൾ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നില്ലന്നും എസ്പിനോസ പറഞ്ഞു. സമീപകാലത്തെ കടുത്ത ചൂടും വരൾച്ചകളും വെള്ളപ്പൊക്കവും നിലവിലുള്ള പദ്ധതികളിൽ മാറ്റം വരുത്തണമെന്നതിനുള്ള മുന്നറിയിപ്പാണെന്നും എസ്പിനോസ കൂട്ടിച്ചേർത്തു.