കോവിഡിനെ നിയന്ത്രണത്തിലാക്കാൻ കേന്ദ്രസർക്കാർ; 59,39,010 ഡോസ് വാക്‌സിൻ ഉടൻ ലഭ്യമാക്കും; രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേർക്കുകൂടി കോവിഡ്; 416 മരണങ്ങൾ

ന്യൂ ഡൽഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,20,967 ആയി. 3,05,79,106 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.35% ആണ്. 35,968 പേർ ഇന്നലെ സുഖം പ്രാപിച്ചു. കണക്കുകൾ പ്രകാരം, 4,11,189 പേരാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ച ചികിത്സയിലുള്ളത്. ഇന്നലെവരെ 45.74 കോടി പരിശോധനകളാണ് നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയര്‍ന്നു. 34 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയർന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരിന്നു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി 43.51 കോടി ഡോസ് വാക്സീൻ നൽകി കഴിഞ്ഞു. ഉപയോഗിക്കാത്ത 3.09 കോടിയിലധികം ഡോസ് വാക്‌സിൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ, 59,39,010 ഡോസുകൾ ഉടൻ ലഭ്യമാക്കും.