ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം:
ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന കാരണത്തിലാണ് കേസ്.

കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേർക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രൻ തെറ്റായ രീതിയിൽ പതാക ഉയർത്തിയത്.

ആദ്യം തലതിരിച്ച് പതാക ഉയർത്തുകയായിരുന്നു. പിന്നീട് ശരിയായ വിധത്തിൽ ഉയർത്തി. ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.