കളിക്കളത്തിൽ പൊലീസ് ; ബ്രസീൽ അർജന്റീന മത്സരം മാറ്റിവെച്ചു

ബ്രസീൽ:
ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ മൂന്ന് അര്‍ജന്റീനാ കളിക്കാരെ പിടികൂടാന്‍ ബ്രസീല്‍ പൊലീസ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് ലോകകകപ്പ് ദക്ഷിണ അമേരിക്ക യോഗ്യതാ റൗണ്ടിലെ ബ്രസീല്‍ – അര്‍ജന്റീന മത്സരം മാറ്റിവെച്ചു.ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ പ്രീമിയര്‍ ലീഗ് താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസ്, ജിയോവനി ലോസെല്‍സോ, ക്രിസ്റ്റിയന്‍ റൊമേറോ എന്നിവരെ പിടികൂടാനാണ് പൊലീസെത്തിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍.

യു.കെ, ദക്ഷിണാഫ്രിക്ക, വടക്കേ അയര്‍ലന്റ്, ഇന്ത്യ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവര്‍ നാല് ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ബ്രസീല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇത് നിലനില്‍ക്കെയാണ് ടോട്ടനം താരങ്ങളായ ലോസെല്‍സോ, റൊമേറോ, ആസ്റ്റന്‍വില്ല കീപ്പര്‍ മാര്‍ട്ടിനസ് എന്നിവരെ അര്‍ജന്റീന കോച്ച്‌ ലയനല്‍ സ്‌കലോനി സ്റ്റാര്‍ട്ടിങ് ഇലവനില്‍ എടുത്തത്. മറ്റൊരു പ്രീമിയര്‍ ലീഗ് താരമായ എമിലിയാനോ ബുവെന്‍ഡിയയും ടീമിലുണ്ടായിരുന്നു. കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ നേരിട്ട അതേ ടീമിനെയാണ് ഇന്നു പുലര്‍ച്ചെ ഇറക്കിയത്.

ദക്ഷിണ അമേരിക്കയിലെ വന്‍ശക്തികള്‍ തമ്മിലുള്ള മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന മത്സരത്തിനെത്തുന്ന പ്രീമിയര്‍ ലീഗിലെ കളിക്കാരെ തടഞ്ഞുവെക്കണമെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗമായ അന്‍വിസ, എമിഗ്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ 14 ദിവസത്തില്‍ ഇംഗ്ലണ്ടില്‍ തങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അര്‍ജന്റീനാ താരങ്ങള്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് കളിക്കാര്‍ പറയുന്നത് അസത്യമാണെന്ന് ബോധ്യമായതെന്ന് അന്‍വിസ പറയുന്നു.

കോവിഡ് റെഡ് ലിസ്റ്റിലുള്ള ബ്രസീലിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് അര്‍ജന്റീന കളിക്കാരെ പ്രീമിയര്‍ ലീഗ് അധികൃതരും വിലക്കിയിരുന്നു. ഇത് വകവെക്കാതെയാണ് കോപ ഫൈനലില്‍ കളിച്ച താരങ്ങള്‍ കോച്ചിന്റെ ക്ഷണം സ്വീകരിച്ചെത്തിയത്. ഇന്നലെ അര്‍ജന്റീനക്കെതിരെ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഒരു പ്രീമിയര്‍ ലീഗ് താരത്തെ പോലും ബ്രസീല്‍ കോച്ച്‌ ടിറ്റേ ഉള്‍പ്പെടുത്തിയിരുന്നില്ല.