ബൈഡനെ വേഗത്തില്‍ കീഴ്പ്പെടുത്തും ; സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇടിച്ചിടും ; ട്രംപ്

വാഷിംഗ്ടണ്‍ :
ബൈഡനുമായി ഒരു ബോക്സിംഗ് മത്സരം സംഘടിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കകം ബൈഡനെ കീഴ്‌പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്.ഫ്‌ളോറിഡയിലെ ഹോളിവുഡ് സെമിനോള്‍ ഹാര്‍ഡ് റോക് കാസിനോയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡും വിറ്റര്‍ ബെല്‍ഫോര്‍ട്ടും തമ്മിലുള്ള ബോക്സിങ് മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ഈ മത്സരത്തില്‍ കമന്റേന്ററിന്റെ റോളില്‍ ട്രംപ് എത്തും. ഫോണിലൂടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ട്രംപിനോട് അവതാരകന്‍ താങ്കള്‍ക്ക് ആരുടെയെങ്കിലും ഒപ്പം ബോക്സിങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാല്‍ പ്രൊഫഷണല്‍ ബോക്സര്‍മാരെ ഒഴിവാക്കി ജോ ബൈഡനെതിരെ മത്സരിക്കും. അതിന് കാരണം ബൈഡനെ വളരെ വേഗത്തില്‍ തോല്‍പ്പിക്കാന്‍ തനിക്കാവും. ആദ്യത്തെ ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ താന്‍ ഇടിച്ചിടുകയും ചെയ്യുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.