ഭീകരവാദത്തിന് പ്രമുഖ ബാങ്കുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറ്റം ചെയ്തു; അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെയും പൗരന്മാരുടെയും കുടുംബങ്ങള്‍ നിയമനടപടിയുമായി മുന്നോട്ട്

ന്യൂയോർക്ക്:
അഫ്ഗാനിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത അമേരിക്കന്‍ സൈനികരുടെയും സിവിലിയന്മാരുടെയും കുടുംബങ്ങള്‍ പ്രമുഖ ബാങ്കുകള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ഭീകരവാദ പ്രവര്‍ത്തനത്തിന് എന്നറിഞ്ഞുകൊണ്ട് തന്നെ ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറ്റം ചെയ്യാന്‍ പ്രമുഖ ബാങ്കുകള്‍ കൂട്ട് നിന്നു എന്നാണ് ആരോപണം.
ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ ഫെഡറല്‍ കോടതിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച നൂറ്റിപ്പതിനഞ്ചോളം കുടുംബങ്ങള്‍ ബാങ്കുകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഭീകരരെ സഹായിച്ചതിന് ഡച്ച് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡാന്‍സ്‌കെ ബാങ്ക് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകള്‍ നിയമനടപടികള്‍ നേരിട്ടേക്കും.