ആസാം-മിസോറം സംഘർഷം; ജനങ്ങൾ മിസോറാമിലേക്ക് യാത്ര ചെയ്യരുത്; നിലവിൽ മിസോറാമിലുള്ളവര്‍ സുരക്ഷിതരായിരിക്കണം; മുന്നറിയിപ്പുമായി അസം സര്‍ക്കാര്‍.

ഗുവാഹത്തി:
ആസാം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടർന്ന് ആസാം ജനത മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്നും നിലവിൽ മിസോറാമിലുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്ന് മുന്നറിയിപ്പുമായി അസം സര്‍ക്കാര്‍.

രണ്ട് സംസ്ഥാനങ്ങളിലെ പോലിസുകാര്‍ക്കിടയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അസാം പോലിസിലെ ആറ് പേര്‍ മരണപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് ശേഷം ചില മിസോ സിവില്‍ സൊസൈറ്റി, വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍ എന്നിവര്‍ അസം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമെതിരേ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. അസം പോലിസില്‍ ലഭ്യമായ വീഡിയോ ഫൂട്ടേജുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. നിരവധി ആളുകളെ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിച്ചതായും മിസോറാം ആരോപിച്ചു. ഇതെല്ലാം കണക്കിലെടുത്ത്, അസമിലെ ജനങ്ങള്‍ മിസോറാമിലേക്ക് പോവരുതെന്നും ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് മിസോറാമില്‍ താമസിക്കുന്നവര്‍ ‘അതീവ ജാഗ്രത’ പാലിക്കണമെന്നും സർക്കാർ നിര്‍ദേശിച്ചു.