ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം താലിബാൻ കൈയടക്കി; ബാക്കിയായത് ഡസൻ കണക്കിന് സൈനിക ഹെലികോപ്ടറുകളും വിമാനങ്ങളും

കാബൂൾ:
സൈനിക പിൻമാറ്റത്തിനു മണിക്കൂറുകൾക്കുശേഷം കാബൂളിലെ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം താലിബാൻ കൈയടക്കി. ഉപേക്ഷിച്ചുപോയ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും താലിബാൻ പരിശോധന നടത്തി. പ്രത്യേക സേനാ വിഭാഗത്തിന്റെ യൂണിഫോം ധരിച്ചായിരുന്നു ഇവർ എത്തിയത്.

താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദിന്റെ നേതൃത്വത്തിൽ ഒരുസംഘമാണ് വിമാനത്താവളം പിടിച്ചെടുത്തുവെന്ന അവകാശവാദം ഉന്നയിച്ചത്. താലിബാൻ തീവ്രവാദികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും തോക്കുകൾ ചുഴറ്റി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

വിമാനത്താവളത്തിലേക്കുള്ള വഴികളിൽ സ്ഥാപിച്ചിരുന്ന ചെക്ക്‌പോസ്റ്റുകൾ നീക്കംചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ സുരക്ഷാ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും ഏതെങ്കിലും വിദേശരാജ്യത്തിന്റെ സൈനിക സാന്നിധ്യം അഫ്ഗാനിൽ അനുവദിക്കല്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ ടെർമിനൽ തകർക്കപ്പെട്ട അവസ്ഥയിലാണ്. അഫ്ഗാൻ വിടുന്നതിനുമുമ്പ് അമേരിക്ക നശിപ്പിച്ച ഡസൻ കണക്കിന് സൈനിക ഹെലികോപ്ടറുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങളും വിമാനത്താവളത്തിൽ ശേഷിക്കുന്നുണ്ട്.
വിമാനത്താവളത്തെ റോക്കറ്റാക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിന് സ്ഥാപിച്ചിരുന്ന സംവിധാനവും നശിപ്പിച്ചതായി യു.എസ്. സെൻട്രൽ കമാൻഡ് തലവൻ കെന്നെത്ത് മെക്കയ്ൻ അറിയിച്ചിരുന്നു.

വിമാനങ്ങളുടെ കോക്പിറ്റുകളുടെ ജനാലകൾ തകർക്കുകയും ടയറുകൾ ഊരിമാറ്റുകയും ചെയ്തു. ഇത്തരത്തിൽ 73 വിമാനങ്ങളാണ് യു.എസ്. ഉപേക്ഷിച്ചുപോയത്.