താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താന്റെ പിന്തുണ ഐക്യരാഷ്ട്ര സഭയിൽ വെളിപ്പെടുത്തി അഫ്ഗാനിസ്താന്‍

കാബൂൾ:
താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താന്‍ നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ വെളിപ്പെടുത്തി അഫ്ഗാനിസ്താന്‍. അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഗുലാം എം. ഇസാക്സൈ.

രാജ്യത്തേക്ക് പ്രവേശിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ ഡ്യുറന്‍ഡ് ലൈനിന് സമീപം ഒത്തുകൂടുന്നതും അവരുടെ ഫണ്ട് ശേഖരണ പരിപാടികള്‍, കൂട്ട ശവസംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ കൈമാറല്‍, പാകിസ്താന്‍ ആശുപത്രികളില്‍ പരിക്കേറ്റ താലിബാന്‍ ചികിത്സ തുടങ്ങിയവ എങ്ങനെ നടക്കുന്നുവെന്ന് ഗ്രാഫിക് റിപ്പോര്‍ട്ടുകളും വീഡിയോകളും കാണിച്ച് അദ്ദേഹം വിശദീകരിച്ചു.

ഉപരോധ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇത്. മാത്രമല്ല അഫ്ഗാനിസ്താനില്‍ യുദ്ധം ഇല്ലാതാക്കാൻ വേണ്ടി പാകിസ്താനുമായി സഹകരിക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.