അഫ്ഗാനിൽ അധികാരകൈമാറ്റം പൂർണമാകുന്നു: ചർച്ച തുടരുന്നതായി റിപ്പോർട്ടുകൾ

കാബൂൾ:
യുദ്ധത്തിന്റെ ഭീതിയില്ലാതെ, ഭീഷണികളൊന്നുമില്ലാതെ അധികാരം കൈമാറ്റം ചെയ്യുന്നതിനൊരുങ്ങി അഫ്ഗാൻ. യുദ്ധം അവസാനിപ്പിച്ച ശേഷം താലിബാൻ അധികാരക്കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
താലിബാന് അധികാരം കൈമാറുന്നതിന് മുന്നോടിയായുള്ള ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു. മുതിർന്ന നേതാവും 1996-2001 കാലയളവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അമീർ ഖാൻ മുതാഖിയാണ് മുൻ പ്രസിഡന്റ് ഹമീദ് കർസായി, അനുരഞ്ജന സഭാ മുൻ അധ്യക്ഷൻ അബ്ദുള്ള അബ്ദുള്ള എന്നിവരടങ്ങിയ സർക്കാർ സംഘവുമായി ചർച്ച നടത്തുന്നത്. രണ്ടുദിവസത്തിനകം തീരുമാനമായേക്കും.
മനുഷ്യാവകാശരംഗത്ത് രണ്ട് പതിറ്റാണ്ടായി ആർജിച്ച മുന്നേറ്റം കാത്തുസൂക്ഷിക്കണമെന്ന് സർക്കാർ സംഘം ആവശ്യപ്പെട്ടു. താലിബാൻകാരല്ലാത്തവരെയും സർക്കാരിൽ ഉൾപ്പെടുത്തുന്നതും ചർച്ച ചെയ്തു. താലിബാൻ സർക്കാരിന്റെ നായകനാവുമെന്ന് കരുതപ്പെടുന്ന മുല്ലാ അബ്ദുൾ ഗനി ബറാദർ ഖത്തറിൽനിന്ന് തിരിച്ചെത്തി. അതേസമയം, ആൾക്കൂട്ടത്തെ ഒഴിപ്പിച്ച് കാബൂൾ വിമാനത്താവളം വീണ്ടും പ്രവർത്തിച്ചുതുടങ്ങി. സൈനികവിമാനങ്ങൾക്ക് മാത്രമാണ് അനുമതി. താലിബാൻ ഇത്രവേഗം അധികാരം പിടിച്ചെടുക്കാൻ കാരണം അഫ്ഗാൻ രാഷ്ട്രീയ നേതൃത്വംതന്നെയെന്ന നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ പരാജയമാണ് സൈന്യത്തിന്റെ അതിവേഗ പതനത്തിനും ഇന്നത്തെ ദുരവസ്ഥയ്ക്കും കാരണം.
അഫ്ഗാന് നൽകിയിരുന്ന വികസന സഹായം ജർമനി നിർത്തിവച്ചു. സഹായം നൽകുന്നതിന്റെ വേഗം കുറയ്ക്കുമെന്ന് സ്വീഡൻ പറഞ്ഞു. നൽകിവന്ന സുരക്ഷാസഹായം അവസാനിപ്പിക്കുമെന്നും മാനവിക വിഷയങ്ങൾക്കായുള്ള സഹായം പത്തുശതമാനം ഉയർത്തുമെന്നും ബ്രിട്ടീഷ് വിദേശ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
കാവൽ പ്രസിഡന്റെന്ന് അമറുള്ള സാലിഹ്
മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതിനാൽ താനാണ് പുതിയ കാവൽ പ്രസിഡന്റെന്ന് മുൻ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ്. താലിബാനെ എതിർക്കാൻ ഒരുമിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം, ഇതിനായി വിവിധ നേതാക്കളുമായി ബന്ധപ്പെട്ട് വരികയാണെന്നും പറഞ്ഞു. താൻ രാജ്യം വിട്ടതായ വാർത്തകളും ട്വിറ്ററിലൂടെ നിഷേധിച്ചു.