അഫ്ഗാനിലെ പ്രതിസന്ധി: ഇന്ത്യൻ താല്പര്യം സംരക്ഷിക്കാൻ അജിത് ഡോവൽ മുന്നോട്ട്

ന്യൂഡൽഹി:
ഇരുപത് വർഷം നീണ്ട സൈനിക നടപടികൾക്ക് ശേഷം അഫ്ഗാനിൽ നിന്നും അമേരിക്ക പിൻമാറിയതോടെ താലിബാൻ വീണ്ടും ഭരണം പിടിച്ചിരിക്കുകയാണ്. അമേരിക്കയുടെ പിടി അയഞ്ഞതോടെ അഫ്ഗാനിൽ ചൈനയുടേയും റഷ്യയുടേയും കണ്ണുകൾ പതിഞ്ഞു കഴിഞ്ഞു. താലിബാൻ ഭീകരർക്ക് പിന്തുണ നൽകി ഇരു രാജ്യങ്ങളും അഫ്ഗാൻ മണ്ണിൽ തങ്ങളുടെ താത്പര്യം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. അമേരിക്കൻ വിരുദ്ധ രാഷ്ട്രമായ ഇറാനും ഇവർക്കൊപ്പം അഫ്ഗാനിൽ ചങ്ങാത്തം സ്ഥാപിക്കുമെന്നും കരുതപ്പെടുന്നു.
താലിബാൻ അധികാരമേറ്റതോടെ അഫ്ഗാനിൽ അമേരിക്കയ്ക്ക് ശേഷം കൂടുതൽ നഷ്ടമുണ്ടാവുക ഇന്ത്യയ്ക്കാവും എന്ന കണക്ക് കൂട്ടലാണ് വിദഗ്ദ്ധർ. എന്നാൽ അഫ്ഗാനിസ്ഥാൻ പ്രതിസന്ധിയിൽ, ഇന്ത്യൻ താത്പര്യം സംരക്ഷിക്കുവാനുള്ള പദ്ധതികളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലുണ്ടാകുമെന്ന സൂചനയാണ് ദേശീയ മാദ്ധ്യമങ്ങൾ നൽകുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി രണ്ട് സുപ്രധാന മീറ്റിംഗുകളാണ് ഡൽഹിയിൽ നടത്തുന്നത്. ഇതിൽ ആദ്യത്തേത് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ നിക്കോളായ് പട്രുഷേവുമായിട്ടായിരുന്നു. ഇന്നലെ രാവിലെയാണ് ഇന്ത്യയിലെത്തിയ റഷ്യൻ ഉന്നതനുമായി കൂടിക്കാഴ്ച നടന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണത്തിന് ധാരാളം അവസരങ്ങളുണ്ടെന്ന് റഷ്യൻ പ്രതിനിധി പ്രതീക്ഷ പ്രകടിപ്പിച്ചു.
നിലവിലെ സംഭവ വികാസങ്ങൾ അഫ്ഗാനിസ്ഥാൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ പ്രാധാന്യവും പങ്കാളിത്തവും അടിവരയിടുന്നതിനാലാണ് റഷ്യ ഉന്നതനെ ഇന്ത്യയിലേക്ക് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഓഗസ്റ്റ് 24 ന് നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
അതേസമയം റഷ്യയ്ക്ക് പിന്നാലെ അമേരിക്കൻ സി ഐ എ യുടെ മേധാവിയും ഇന്ന് ഇന്ത്യയിലെത്തി. സി ഐ എ മേധാവി വില്യം ബേൺസാണ് ഡോവലുമായി ചർച്ച നടത്താനെത്തുന്നത്. താലിബാൻ കാബൂളിൽ സർക്കാർ രൂപീകരണം പ്രഖ്യാപിച്ചതിനാൽ സിഐഎ മേധാവി വില്യം ബേൺസിന്റെ സന്ദർശനത്തിനും പ്രാധാന്യമുണ്ട്. ഈ മാസം അവസാനം ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ചൈന താലിബാനോട് അടുക്കുന്നത് ആശങ്കയോടെയാണ് അമേരിക്ക കാണുന്നത്. താലിബാന്റെ പ്രവൃത്തികൾ തങ്ങൾ കാത്തിരുന്ന് നിരീക്ഷിക്കുകയാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. കഴിഞ്ഞ ദിവസം താലിബാൻ സർക്കാർ രൂപീകരണത്തെ കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. എഫ് ബി ഐ തലയ്ക്ക് വിലയിട്ടവരുൾപ്പടെയുള്ള ഭീകരൻമാർ താലിബാൻ സർക്കാരിൽ ഉന്നത പദവി വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.