അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചത് നോക്കുക: വിവാദമായ മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ന്യൂഡൽഹി:
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുക്കുമ്പോൾ, കാശ്മീരിലെ വിവാദമായ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി. അഫ്ഗാനിസ്ഥാനിൽ നിന്ന് പാഠം ഉൾക്കൊണ്ട് കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന മുന്നറിയിപ്പുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് പിന്മാറിയതും താലിബാൻ ഭരണം പിടിച്ചതും മുൻനിർത്തിയായിരുന്നു മെഹബൂബയുടെ പ്രസ്താവന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ചർച്ചകൾ ആരംഭിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
നാറ്റോയെയും മറ്റ് വിദേശ ശക്തികളെയും താലിബാൻ എങ്ങനെ പുറത്താക്കി എന്ന് വിവരിക്കാൻ മെഹബൂബ മുഫ്തി ആന-ഉറുമ്പ് ഉപമയാണ് ഉപയോഗിച്ചത്. കുൽഗാം ജില്ലയിലെ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഉണ്ടായ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും അവർ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനുമുള്ള സ്ഥാപനങ്ങൾ ‘താലിബാനിസീകരിക്കപ്പെട്ടു’ എന്ന് മുഫ്തി നേരത്തെ പറഞ്ഞിരുന്നു.