യു.എസ് വിമാനത്തിൽ നിന്ന് വീണുമരിച്ചവരിൽ ഒരാൾ അഫ്ഗാൻ ദേശീയ ഫുട്ബാൾ താരം; ലാൻഡിംഗ് ഗിയറിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു

കാബൂൾ:
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ കാബൂളിൽ നിന്ന് പാലായനം ചെയ്യാൻ ശ്രമിക്കവെ യു.എസ് വിമാനത്തിൽ നിന്ന് വീണുമരിച്ചവരിൽ ഒരാൾ അഫ്ഗാൻ ദേശീയ ഫുട്ബാൾ താരവും. സാക്കി അൻവാരി എന്ന പത്തൊമ്പതുകാരനെ തിരിച്ചറിഞ്ഞു. പതിനാറാം വയസുമുതൽ ദേശീയ ജൂനിയർ ടീമംഗമായിരുന്നു സാക്കി.

രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സാക്കി വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലാണ് കയറിപ്പറ്റിയത്. ലാൻഡിംഗ് ഗിയറിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പറന്നുയർന്ന വിമാനത്തിൽ നിന്ന് രണ്ടുപേർ താഴേക്കുവീഴുന്ന രംഗങ്ങൾ തിങ്കളാഴ്ചയാണ് വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്.

വിമാനത്താവളത്തിന് സമീപത്തെ ഒരു കെട്ടിടത്തിന്റെ ടെറസിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. കെട്ടിട ഉടമയാണ് ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം അമേരിക്കൻ വിമാനത്തിന്റെ ടയറുകളിലും മറ്റും മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണമാരംഭിച്ചു. വിമാനത്തിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിനിടെ എത്രപേർ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും വ്യക്തമല്ല.