അഫ്ഗാനിൽ സമാധാനം കൊണ്ടു വരാൻ താലിബാനുമായി ചർച്ചയ്‌ക്കൊരുങ്ങി അമേരിക്ക: രഹസ്യ ചർച്ച നടത്തിയത് യു.എസ് രഹസ്യാന്വേഷണ ഏജൻസി

കാബൂൾ:
സ്വന്തം കയ്യിലിരുന്ന ഒരു രാജ്യം തീവ്രവാദികളുടെ കയ്യിലേയ്ക്ക് എത്തിച്ചു കൊടുത്ത അമേരിക്ക ഒടുവിൽ രാജ്യം തിരികെ വിട്ടു കിട്ടാൻ ഇതേ തീവ്രവാദികളുമായി ചർച്ച നടത്തുന്നു.
കാബൂൾ വിമാനത്താവളം വഴി കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് താലിബാനുമായി രഹസ്യാന്വേഷണ വിഭാഗം ചർച്ച നടത്തിയിരിക്കുന്നത്. സിഐഎ ഡയരക്ടർ വില്യം ജെ ബേൺസ് ആണ് കാബൂളിലെത്തി താലിബാൻ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ആഗസ്റ്റിനുള്ളിൽ പൂർണ സൈനിക പിന്മാറ്റമുണ്ടാകുമെന്നു അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അമേരിക്ക പിന്മാറ്റം വൈകിപ്പിക്കണമെന്നു ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾ അമേരിക്കയ്ക്കു മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതിനിടെ, താലിബാൻ രണ്ടു മന്ത്രിമാരെയും രഹസ്യാന്വേഷ തലവനെയും കാബൂളിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ്, സിഐഎ വക്താക്കളും വിസമ്മതിച്ചിട്ടുണ്ട്. ബറാദർ സിഐഎ തലവനുമായി കൂടിക്കാഴ്ച നടത്തിയതായുള്ള വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് താലിബാൻ വക്താവും പ്രതികരിച്ചത്.