ആർത്തിരമ്പുന്ന പ്രതിഷേധം ; വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കണം ; അഫ്‌ഗാനിൽ താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ

കാബൂള്‍:
അഫ്ഗാനില്‍ വിവിധ പ്രവിശ്യകളില്‍ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങി.നേരത്തെ ഹെറാത്തില്‍ നടന്ന പ്രതിഷേധത്തിന് സമാനമായി രാജ്യ തലസ്ഥാനമായ കാബൂളിലും പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച്‌ സ്ത്രീകള്‍ നിര്‍ഭയം തെരുവിലിറങ്ങുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരുമായ ഒട്ടനവധി പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ഇതിന്റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.താലിബാന്‍ ഭരണത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള അവകാശം ഉറപ്പാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ഇസ്ലാം നിയമത്തിന്റെ പരിധിയില്‍ നിന്ന് സ്ത്രീകളുടെ ജോലിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും അനുവദിക്കുമെന്നാണ് താലിബാന്‍ നിലപാട്. ഇത് എത്രത്തോളം പാലിക്കപ്പെടുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം സ്ത്രീകള്‍ നേതൃത്വം നല്കിയിരുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായും വനിതാ ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്തുന്നതായും പരാതികൾ ഉയര്‍ന്നിരുന്നു.