അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച്‌ അമേരിക്ക

കാബൂൾ :
അഫ്ഗാനിസ്ഥാനിലെ രാജ്യാന്തര രക്ഷാദൗത്യം അവസാനിപ്പിച്ച്‌ അമേരിക്ക. യുഎസ് സൈനിക പിന്‍മാറ്റത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇനി വിദേശപൗരന്‍മാരെ മാത്രമേ കൊണ്ടുപോകൂ എന്ന് പെന്‍റഗണ്‍ വ്യക്തമാക്കി.ആയിരക്കണക്കിന് അഫ്ഗാനികള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്. അതേസമയം, വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ ചാവേറിനെ കൊലപ്പെടുത്തിയതായി അമേരിക്ക അറിയിച്ചു.

ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണം പൂര്‍ണ വിജയമായിരുന്നെന്നും വലിയ അത്യാഹിതമാണ് ഒഴിവായതെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഐഎസ് ഭീകരര്‍ക്ക് എതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നും ഏതു സാഹചര്യമാണെങ്കിലും നാളെയോടെ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.