താലിബാന്റെ പ്രതികാര നടപടി ; കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് യൂണിസെഫ് ; ഇരുപത് ലക്ഷത്തോളം വരുന്ന പെണ്‍കുട്ടികളുടെ ഭാവിയും ആശങ്കയിൽ

ന്യൂയോര്‍ക്ക്:
താലിബാന്റെ പ്രതികാര നടപടികളും സാമ്പത്തിക പ്രതിസന്ധിയും ഏറെ ബാധിക്കുക കുട്ടികളെയെന്ന് യൂണിസെഫ്.അഫ്ഗാനിലെ കുട്ടികള്‍ സമീപകാലത്തൊന്നും അനുഭവിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണരംഗത്തെ അരക്ഷിതാവസ്ഥയും ഭക്ഷ്യ ദൗര്‍ലഭ്യവും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് യൂണിസെഫ് മേഖല മേധാവി ജോര്‍ജ്ജ് ലാറിയ അജേയി മുന്നറിയിപ്പു നല്‍കി.

അഫ്ഗാനില്‍ താലിബാന്‍ വ്യാപാര വാണിജ്യ രംഗത്ത് ഉപരോധം നേരിടുന്നതിനാല്‍ ഗ്രാമീണ മേഖലയടക്കം കൊടിയ ദാരിദ്ര്യത്തിലാണ്. ഭക്ഷ്യ ദൗര്‍ലഭ്യത്തിനൊപ്പം കനത്ത വില താങ്ങാന്‍ ആര്‍ക്കും സാധിക്കില്ലെന്ന അവസ്ഥയാണ്. കുടുംബങ്ങളിലെ ഭക്ഷണത്തേയും ആരോഗ്യത്തേയും ബാധിക്കുന്ന പ്രതിസന്ധി നേരിട്ട് കുട്ടികളേയും ബാധിച്ചുതുടങ്ങി. ശുദ്ധജലമില്ലാത്തതുമൂലമുള്ള ശാരീരികമായ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ വ്യാപകമാവുകയാണ്. കൊറോണ പ്രതിരോധം ഒട്ടുമില്ലാത്തതുമൂലം രോഗബാധിതരാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ജോര്‍ജ്ജ് പറഞ്ഞു.

അഫ്ഗാനിലെ അവഗണന അനുഭവിക്കുന്ന വിഭാഗം കുട്ടികളാണ്. പോഷകാഹാരമില്ലാതെ ജീവിക്കേണ്ടി വരുന്ന തലമുറയില്‍ പെണ്‍കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ഇല്ലാതാകുന്നതോടെ കടുത്ത മാനസിക പ്രതിസന്ധി യിലേക്കും കുട്ടികള്‍ വീഴുമെന്നതാണ് മറ്റൊരു ദുരന്തമെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു. നാല്‍പ്പതു ലക്ഷം കുട്ടികളില്‍ ഇരുപത് ലക്ഷത്തോളം വരുന്ന പെണ്‍കുട്ടികളാണ് പ്രതിസന്ധിയിലേക്ക് വീഴുന്നത്. ഇവര്‍ എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട അവസ്ഥയി ലാണെന്നും യൂണിസെഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.