അഫ്ഗാൻ -പാക് അതിര്‍ത്തിയിൽ വെടിവെയ്പ്പ് ; 2 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് :
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വെടിവയ്പ്പില്‍ അതിര്‍ത്തിയിലെ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇത്. പാകിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലകളില്‍ സായുധരായ താലിബാന്‍ ഭീകരര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് പാകിസ്ഥാന് നേരെ ആക്രമണമുണ്ടായത്. ഭീകരരുമായി നല്ല ബന്ധം പുലര്‍ത്തുന്ന പാക് സൈനികര്‍ക്ക് ഇപ്പോഴുണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ പാകിസ്ഥാനില്‍ വേരുള്ള ഭീകരര്‍ താലിബാനുമായി ചേര്‍ന്നതിന് ശേഷം കൂടുതല്‍ ശക്തരായിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ താലിബാനാവാത്തത് പാകിസ്ഥാന് ഭീഷണിയായിരിക്കുകയാണ്. പാക്കിസ്ഥാനിലെ ബജൗര്‍ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിടിപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാകിസ്താന്‍ താലിബാന്‍ ഈ മേഖലകളില്‍ ശക്തമാണ്. ഇവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ താലിബാനോട് കൂറ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാന്‍ മണ്ണില്‍ നിന്നുമുണ്ടായ ആക്രമണത്തില്‍ പാക് സൈന്യം തിരിച്ചടിച്ചതായും 23 ഭീകരര്‍ കൊല്ലപ്പെട്ടതായും സൈന്യം പ്രസ്താവന ഇറക്കി. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ മണ്ണില്‍ നിന്നും പാകിസ്ഥാനെതിരെ ആക്രമണമുണ്ടാവില്ലെന്ന് താലിബാന്‍ ഉറപ്പ് വരുത്തണമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.