അഫ്ഗാൻ- പാക് അതിർത്തിയിൽ ക്വെറ്റ നഗരത്തില്‍ ചാവേര്‍ ആക്രമണം ; നാല് പാരാമിലിട്ടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു

ക്വെറ്റ : 
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ക്വെറ്റ നഗരത്തില്‍ ചാവേര്‍ ആക്രമണത്തില്‍ നാല് പാരാമിലിട്ടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിത്തെറിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലും മരണപ്പെട്ടു. നഗരത്തിലെ പച്ചക്കറിക്കച്ചവടം നടത്തുന്ന മിയാന്‍ ഗുണ്ടി പരിസരത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 17 ഉദ്യോഗസ്ഥര്‍ക്കും രണ്ട് സിവിലിയന്മാര്‍ക്കും പരിക്കേറ്റു. അഞ്ച്‌ലക്ഷം ഹസാര വിഭാഗക്കാര്‍ താമസിക്കുന്ന നഗരമാണ് ക്വെറ്റ. ഹസാര വിഭാഗത്തിനെതിരെ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകള്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു. 2013ല്‍ ക്വെറ്റ നഗരത്തില്‍ വിവിധ സമയങ്ങളിലുണ്ടായ ആക്രമണത്തില്‍ 200 ഹസാരകളാണ് കൊല്ലപ്പെട്ടത്.