അഫ്ഗാനിലെ ഒഴിപ്പിക്കൽ അവസാന ഘട്ടത്തിൽ ; മിക്ക നാറ്റോ രാജ്യങ്ങളും ഒഴിപ്പിക്കല്‍ പൂർത്തിയാക്കി

കാബൂള്‍ :
അഫ്ഗാനസ്ഥാനില്‍നിന്ന് വിദേശ സേനകളുടെ പിന്മാറ്റം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കല്‍ അവസാനഘട്ടത്തിലേക്ക്.മിക്ക നാറ്റോ രാജ്യവും ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചുകഴിഞ്ഞു. ബ്രിട്ടീഷ് സൈന്യം പൂര്‍ണമായും രാജ്യം വിട്ടു.

എംബസി ജീവനക്കാരുടെയും സഹായികളുടെയും ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി 1000 സൈനികര്‍ ശനിയാഴ്ച വൈകി മടങ്ങിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. തങ്ങളുടെ ജീവനക്കാരെ സഹായിച്ച എല്ലാ അഫ്ഗാന്‍കാരെയും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 1100 അഫ്ഗാന്‍കാര്‍ ഉള്‍പ്പെടെ 15,000 പേരെയാണ് രണ്ടാഴ്ചകൊണ്ട് ബ്രിട്ടന്‍ ഒഴിപ്പിച്ചത്.

അമേരിക്ക 24 മണിക്കൂറിനുള്ളില്‍ 18 വിമാനത്തിലായി 2000 പേരെ ഒഴിപ്പിച്ചു. അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തശേഷം 1,13,500 പേരെയും ജൂലൈക്കുശേഷം ആകെ 1,19,000 പേരെയും ഒഴിപ്പിച്ചു. ഇവരില്‍ അഫ്ഗാന്‍കാരാണ് അധികവും. 1400 പേരുടെകൂടി രേഖകള്‍ തയ്യാറായിട്ടുണ്ട്. നാലായിരത്തോളം സൈനികര്‍ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യത്ത് 350 മറ്റ് അമേരിക്കക്കാര്‍കൂടി ബാക്കിയുണ്ടെന്നാണ് കണക്ക്. ചൊവ്വാഴ്ചയ്ക്കുമുൻപ് ഇവരെയെല്ലാം ഒഴിപ്പിക്കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.