അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നിക്ഷേപം; തുടർ കാര്യങ്ങൾ പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി:
അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിയ നിക്ഷേപം തുടരണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയും തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനിൽ താലിബാൻ അധികാരം ഏറ്റെടുത്തിരിക്കെ അഫ്ഗാനിൽ ഇന്ത്യയുടെ പദ്ധതികളുടെ ഭാവി എന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സൗഹൃദ രാഷ്ട്രമെന്ന നിലയിൽ അഫ്ഗാൻ സർക്കാരുമായി റോഡ് വികസനത്തെ കുറിച്ചും ചർച്ചകൾ നടത്തി. എന്നാൽ അതിന്റെ പ്രവർത്തനം തുടങ്ങാതിരുന്നത് നന്നായി. അവിടെ സ്ഥിതി ആശങ്കാജനകമാണ്.”– ഗഡ്കരി പറഞ്ഞു.

ഏകദേശം 3 ബില്യൻ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ അഫ്ഗാനിൽ നടത്തിയിട്ടുള്ളത്. അഫ്ഗാനിലെ തുടർ പ്രവർത്തനങ്ങൾ കൂട്ടായ അഭിപ്രായം പരിഗണിച്ച് വളരെ ചിന്തിച്ച് മാത്രമേ കൈക്കൊള്ളുവെന്നാണ് പ്രധാനമന്ത്രി മോദി അറിയിച്ചത്.