അഫ്ഗാൻ വിഷയം ; പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി :
അഫ്ഗാന്‍ സാഹചര്യങ്ങളെക്കുറിച്ച്‌ വിശദാംശങ്ങള്‍ ലഭ്യമാക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് വിദേശകാര്യ മന്ത്രാലയം.യോഗം വ്യാഴാഴ്ച  പതിനൊന്നുമണിക്ക് നടക്കും. വിദേശകാര്യമാന്ത്രാലയത്തിനുവേണ്ടി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് വിശദീകരണം നല്‍കുക. അഫ്ഗാന്‍ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പ്രസ്താവന പുറത്തിറക്കണമെന്ന പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.താലിബാന്‍ ഭരണം പിടിച്ചതിനു തൊട്ടുപിന്നാലെ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.

ആഗസ്ത് 17മുതല്‍ ഇന്ത്യ ഇ-വിസ സംവിധാനം ഏര്‍പ്പെടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഇന്ത്യ 628 പേരെ അഫ്ഗാനില്‍ നിന്ന് തിരികെയെത്തിച്ചു. ഇതില്‍ 228 പേര്‍ ഇന്ത്യക്കാരാണ്.