അഫ്ഗാനിസ്ഥാൻ സര്‍ക്കാരിന്റെ ഇ-മെയില്‍ അക്കൗണ്ടുകള്‍ ; നീക്കം ചെയ്യുവാനൊരുങ്ങി ഗൂഗിള്‍

കാബൂള്‍:
അഫ്ഗാനിസ്ഥാൻ സര്‍ക്കാരിന്റെ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തേക്കും.അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇമെയില്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനായി താലിബാന്‍ ഒരുങ്ങുവെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ നിലവിലുള്ള അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായുള്ള നടപടികള്‍ മാത്രമാണ് ഇതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗൂഗിള്‍ കൂട്ടിചേര്‍ത്തു.അഫ്ഗാനിസ്താനിലെ സ്ഥിതി വിദഗ്ധരുമായി കൂടിയാലോചിച്ച്‌ വിലയിരുത്തുകയാണ്.തുടര്‍ നടപടികള്‍ക്ക് സമയമെടുക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

എന്നാല്‍ മുന്‍ സര്‍ക്കാരിന് ഹാനികരമാകുന്ന രീതിയില്‍ താലിബാന്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചേക്കാമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ സുപ്രധാന ഡാറ്റകള്‍ സംരക്ഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.വിഷയത്തില്‍ താലിബാന്‍ നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.