അഫ്​ഗാനില്‍ യു.എന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്​ ഫണ്ട്​ നല്‍കുന്നത്​ തുടരും ; താലിബാൻ സർക്കാരിനെ സഹായിക്കില്ല ; അമേരിക്ക

വാഷിങ്​ടണ്‍:
അഫ്​ഗാനില്‍ ഐക്യരാഷ്​ട്ര സംഘടന(യു.എന്‍) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്​ ഫണ്ട്​ നല്‍കുന്നത്​ തുടരുമെന്ന സൂചന നല്‍കി അമേരിക്ക.എന്നാല്‍, താലിബാന്‍റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കുന്ന സര്‍ക്കാറിന്​ സഹായമുണ്ടാവില്ലെന്നും അമേരിക്ക വ്യക്​തമാക്കി​. അഫ്​ഗാന്​ നല്‍കേണ്ട സഹായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്​റ്റംബര്‍ 13ന്​ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്​ ജനീവയിലെത്തും.

അഫ്​ഗാനിലെ സാധാരണ ജനങ്ങള്‍ക്കായി പണം ചെലവഴിക്കുമെന്നാണ്​ യു.എസ്​ അറിയിച്ചിരിക്കുന്നത്​. നിലവില്‍ താലിബാന്​ സാമ്പത്തിക സഹായം നല്‍കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന്​ യു.എസ്​ വ്യക്​തമാക്കിയതായും സൂചനയുണ്ട്. അഫ്​ഗാന്‍ ജി.ഡി.പിയുടെ 40 ശതമാനവും വിദേശ ഫണ്ടിങ്ങില്‍ നിന്നാണ്​.അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന്​ പിന്നാലെ ഏകദേശം 18 മില്യണ്‍ ജനങ്ങള്‍ക്ക്​ മാനുഷികമായ സഹായം ആവശ്യമായി വരുമെന്ന്​ യു.എന്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. താലിബാന്‍ അഫ്​ഗാനില്‍ അധികാരം പിടിച്ചു​വെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരണ നടപടികളുമായി മുന്നോട്ട്​ പോയിട്ടില്ല.