വ്യാജ അഭിഭാഷകയുടെ മുൻകൂർ ജാമ്യാപേക്ഷ ആഗസ്റ്റ് 30 ന് പരിഗണിക്കും: വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും മനപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും വാദം

കൊച്ചി: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. ഹർജി പരിഗണിയ്ക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി.

തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്ന് സെസ്സി സേവ്യർ വാദിച്ചു. മനഃപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയായിരുന്നു. അസോസിയേഷൻ അംഗമില്ലാതിരുന്നിട്ടും തന്നെ പത്രിക സ്വീകരിച്ചു.

ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകൾ പ്രകാരമെടുത്ത കേസിലെ വകുപ്പുകൾ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. വ്യാജരേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്ചകൾ പിന്നിട്ടു. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യർ. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു.