പി. ജയരാജൻ വധശ്രമക്കേസ്; പ്രതികളായ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

കണ്ണൂർ:
സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി. വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

2012 ഫെബ്രുവരി ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പിനടുത്തുള്ള അരിയിൽവച്ച് സിപിഐഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.

സംഭവത്തിന് പിന്നാലെയാണ് അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായിരുന്നു ഷുക്കൂറിന്റെ കൊലപാതകമെന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചത്.

അതേസമയം, ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസിൽ ഹാജരാക്കിയ രേഖകൾ യഥാർഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.